08:36pm 12 November 2026
NEWS
കൊട്ടിക്കലാശമായി; ഇനി കരുനീക്കങ്ങളുടെയും കണക്കുകൂട്ടലുകളുടെയും മണിക്കൂറുകൾ
07/04/2026  06:21 PM IST
nila
കൊട്ടിക്കലാശമായി; ഇനി കരുനീക്കങ്ങളുടെയും കണക്കുകൂട്ടലുകളുടെയും മണിക്കൂറുകൾ

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനെയും നിഷ്പ്രഭമാക്കിയ തീപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആവേശം അലയടിക്കുന്ന കലാശക്കൊട്ടാണ് മൂന്നു മുന്നണികളും കാഴ്ച്ചവെച്ചത്. പരസ്യപ്രചാരണത്തിന് തിരശ്ശീല വീണതോടെ ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകൾ. മറ്റന്നാൾ  2.71 കോടി മലയാളികൾ വരുന്ന അഞ്ചു വർഷം കേരളം ആരുഭരിക്കണം എന്ന വിധിയെഴുതും.

​ഗ്രാമ - ന​ഗര വ്യത്യാസമില്ലാതെ ആവേശം തെല്ലും കുറയാതെ തന്നെയായിരുന്നു ഇക്കുറിയും എല്ലായിടങ്ങളിലും കൊട്ടിക്കലാശം. പരസ്യപ്രചാരണം അവസാനിപ്പിക്കാനുള്ള വൈകിട്ട് ആറുമണി എന്ന സമയപരിധിയോട് അടുക്കും തോറും പ്രവർത്തകർക്കും നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും ആവേശം വർധിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും തെരുവുകൾ സമ്പന്നമായി. 

റോഡ് ഷോയും റാലികളുമായാണ് സ്ഥാനാ‍ർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ കാഴ്ചകളാലും കൊട്ടിക്കലാശം ആവേശമായി മാറി. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മുന്നണികൾ മാറ്റി. 

പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ കിരിടം വച്ചായിരുന്നു ക്രയിനിലേറിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ കോൺഗ്രസ് ഷാളണിഞ്ഞാണ് കൊട്ടിക്കലാശത്തിനെത്തിയ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img